
കട്ടപ്പന ∙ ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്നായി 1 കോടി 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിനി അറസ്റ്റിൽ. ചേർത്തല പനയ്ക്കൽ വിദ്യ പയസ്(32) ആണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നു കാട്ടി 2019 ജൂണിലാണ് കട്ടപ്പന പൊലീസിൽ പരാതി ലഭിച്ചത്. 27 പേരിൽ നിന്ന് പണം കൈപ്പറ്റി വിദ്യയ്ക്ക് കൈമാറിയ കട്ടപ്പന സ്വദേശിനിയാണ് പരാതിക്കാരി….
പൊലീസ് നടത്തിയ അന്വേഷണത്തിൽ 56 ലക്ഷം രൂപയുടെ തട്ടിപ്പു കണ്ടെത്തി. വിദ്യയുടെ നിർദേശപ്രകാരം ഇവരുടെ സഹോദരി സോണി ജോസഫ്, ബന്ധുവായ ആലപ്പുഴ സ്വദേശി തോമസ് എന്നിവരുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്ന വിദ്യയെ പിടികൂടാൻ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അബുദാബിയിൽ നിന്ന് വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിദ്യയെ അവിടെ തടഞ്ഞുവച്ചശേഷം കട്ടപ്പന പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു….
വിദ്യ, സോണി, തോമസ് എന്നിവർക്കൊപ്പം തലശ്ശേരി സ്വദേശികളായ മാനന്തവിട അംനാസ് അബ്ദുല്ല, പുതിയമാളിയേക്കൽ മുഹമ്മദ് ഓനാസീസ്, എം.എ.മൻസിലിൽ അഫ്സീൻ എന്നിവരെയും പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. സോണിയും തോമസും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. ഡിവൈഎസ്പി ജി.സന്തോഷ്കുമാർ, എസ്എച്ച്ഒ വി.ജയൻ, എസ്ഐ സാബു തോമസ്, ഡബ്ല്യൂസിപിഒ വി.ജയൻ, എസ്ഐ സാബു തോമസ്, ഡബ്ല്യൂസിപിഒ കെ.പി.പ്രീതി, സിപിഒ എബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം….